Monday, 21 July 2014

ഇതിവൃത്തത്തില്‍ സ്വീകാര്യത.. അവതരണത്തില്‍ വൈവിധ്യം..

ഇതിവൃത്തത്തിലെ സ്വീകാര്യതയും അവതരണത്തിലെ വൈവിധ്യവും കൊണ്ട്‌ സമ്പന്നമായിരുന്നു ഡോക്യുമെന്ററി മേളയുടെ നാലാം ദിവസം. ദിര്‍ഘ-ഹ്രസ്വ ഡോക്യുമെന്ററി, ഷോര്‍ട്ട്‌ ഫിക്ക്‌ഷന്‍, ഹോമേജ്‌, ഇന്റര്‍നാഷണല്‍, മിഡില്‍ ഈസ്റ്റ്‌, എന്‍വയോണ്‍മെന്റല്‍, ഷോക്കേസ്‌ എന്നീ വിഭാഗങ്ങളിലായി 40 ചിത്രങ്ങളാണ്‌ ഇന്നലെ പ്രദര്‍ശിപ്പിച്ചത്‌. പ്രേക്ഷക പ്രശംസയേറ്റുവാങ്ങിയ ചിത്രമായിരുന്നു വൈഷ്‌ണവി സുന്ദര്‍രാജന്‍ സംവിധാനം ചെയ്‌ത `ഡോള്‍'. ഒരു പെണ്‍കുട്ടിയും ബാര്‍ബറും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ്‌ ചിത്രം പറയുന്നത്‌. പെണ്‍കുട്ടിയുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ അവരുടെ ബന്ധത്തിലുണ്ടാകുന്ന വ്യത്യാസങ്ങളാണ്‌ ചിത്രം പങ്കുവെക്കുന്നത്‌. വിപിന്‍ പി. സമല്‍ബാരി സംവിധാനം ചെയ്‌ത `ജസ്റ്റ്‌ ആന്‍ അണ്ടര്‍വയര്‍' പ്രമേയവൈവിധ്യംകൊണ്ട്‌ ശ്രദ്ധേയമായി. ഭാര്യ വീട്ടിലില്ലാത്ത സമയം സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കുന്ന ഭര്‍ത്താവിന്‌ പിന്നീട്‌ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളെ ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നു.


പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ച മറ്റൊരു ചിത്രമാണ്‌ സുനിത്‌ സിന്‍ഹ സംവിധാനം ചെയ്‌ത `കൗണ്ടര്‍ വയലന്‍സ്‌'. അനുരാഗവിവശയായ ഭാര്യ കിടപ്പറയില്‍ ഭര്‍ത്താവിനാല്‍ അപമാനിക്കപ്പെടുന്നതിനെത്തുടര്‍ന്ന്‌ പുരുഷകേന്ദ്രീകൃതമായ സമൂഹത്തിനെതിരെ അവള്‍ പ്രതികാരമനോഭാവത്തോടെ പെരുമാറുന്നത്‌ കയ്യടക്കത്തോടെ സംവിധായകന്‍ചിത്രീകരിച്ചിരിക്കുന്നു. കൈകാലുകള്‍ മാത്രം കഥാപാത്രങ്ങളാകുന്ന ചിത്രമാണ്‌ മനോജ്‌ വര്‍ഗീസ്‌ പാറക്കാട്ടില്‍ സംവിധാനം ചെയ്‌ത `ദി ഫെയ്‌സ്‌ലെസ്‌ മാന്‍'. ചിത്രീകരണ ശൈലിയുടെ വ്യത്യസ്‌തതകൊണ്ട്‌ ഹര്‍ഷാരവത്തോടെയാണ്‌ പ്രേക്ഷകര്‍ ചിത്രം സ്വീകരിച്ചത്‌. പാഞ്ചാലി രാജകുമാരിയുടെ മനോവിചാരങ്ങള്‍ അനാവരണം ചെയ്യുന്ന `മത്സ്യാവതാരം' സംവിധാനം ചെയ്‌തത്‌ ശ്യാം സുന്ദറാണ്‌. ചിത്രം പുനര്‍ജന്മങ്ങളുടെ കഥ പറയുന്നു.

No comments:

Post a Comment