Sunday, 20 July 2014

മരുഭുമിയില്‍ നിന്ന്‌ കടല്‍തേടിയെത്തിയ `സദ്ദാം'


കടല്‍ കാണാനുള്ള തീവ്രമായ ആഗ്രഹത്തെത്തുടര്‍ന്ന്‌ രാജസ്ഥാനിലെ വീട്ടില്‍ നിന്ന്‌ ഒളിച്ചോടിവന്ന സദ്ദാം എന്ന ആറു വയസ്സുകാരന്റെ കരളലിയിക്കുന്ന കഥയുമായാണ്‌ കൈരളി തിയേറ്ററില്‍ ഇന്നലെ (ജൂലൈ 20) രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയുടെ മൂന്നാം ദിനം ആരംഭിച്ചത്‌. രാജസ്ഥാനില്‍ നിന്നും തീവണ്ടികയറി കേരളത്തില്‍ എത്തിച്ചേരുകയും ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങി അലഞ്ഞുതിരിഞ്ഞ സദ്ദാമിനെ ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ സ്‌നേഹഭവന്‍ എന്ന ചാരിറ്റി ഹോമില്‍ എത്തിക്കുന്നിടത്തുനിന്നാണ്‌ ചിത്രം തുടങ്ങുന്നത്‌. `നമക്‌ പാനി' എന്നു പേരിട്ടിരിക്കുന്ന ചിത്രം സദ്ദാം എന്ന കുട്ടിയുടെ യഥാര്‍ഥ ജീവിതത്തിലേക്കുള്ള നേര്‍ക്കാഴ്‌ചകൂടിയാണ്‌. സ്‌നേഹഭവനിലെ സിസ്റ്റര്‍ അമലയോടും ചിത്രത്തിന്റെ സംവിധായകരായ അമ്മു എസ്‌., അഞ്‌ജു രാജ്‌, നൈതിക്‌ മാത്യു എന്നിവരോടുമൊപ്പം ഇന്നലെ കൈരളി തിയേറ്ററില്‍ ചിത്രം കാണാനെത്തിയ സദ്ദാം എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി.
ചങ്ങനാശ്ശേരി സെന്റ്‌ ജോസഫ്‌സ്‌ കോളേജിലെ കമ്യൂണിക്കേഷന്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളാണ്‌ ഈ ചിത്രം ഒരുക്കിയത്‌. സെന്റ്‌ ജോസഫ്‌സ്‌ കോളേജിലെ വിദ്യാര്‍ഥിനിയും സ്‌നേഹഭവന്റെ മേല്‍നോട്ടക്കാരിയുമായ സിസ്റ്റര്‍ അമല ഒരിക്കല്‍ ക്ലാസ്സില്‍ വൈകി എത്തുന്നു. സിസ്റ്റര്‍ വൈകിയതിന്റെ കാരണം അധ്യാപകനായ കമാല്‍ ആരാഞ്ഞപ്പോള്‍ രാജസ്ഥാനില്‍ നിന്ന്‌ വഴിതെറ്റെയത്തിയ സദ്ദാം എന്ന ബാലന്റെ കാര്യം സുചിപ്പിച്ചു. കടല്‍ കാണാന്‍ രാജസ്ഥാനില്‍ നിന്ന്‌ കേരളത്തിലെത്തിയ സദ്ദാമിന്റെ കഥ വിദ്യാര്‍ഥികളുടെ മനസ്സില്‍ കൗതുകമുണര്‍ത്തിയതിനെത്തുടര്‍ന്ന്‌ ഇത്‌ ലോക ശ്രദ്ധയ്‌ക്കുമുന്നില്‍ അവതരിപ്പിക്കണമെന്ന്‌ വിദ്യാര്‍ഥികൂട്ടായ്‌മ തീരുമാനിക്കുകയായിരുന്നു. അധ്യാപകനായ കമാലിന്റെ മേല്‍നോട്ടത്തിലാണ്‌ മലയാളത്തില്‍ 19 മിനിട്ട്‌ ദൈര്‍ഘ്യമുള്ള ഈ ചിത്രം പൂര്‍ത്തിയാക്കിയത്‌.
ഒരു വര്‍ഷത്തോളമായി കൂട്ടുകാരോടൊപ്പം സ്‌നേഹഭവനില്‍ കഴിയുകയാണ്‌ സദ്ദാം. ഹിന്ദി മാത്രം അറിയാമായിരുന്ന തനിക്ക്‌ ഇപ്പോള്‍ മലയാളത്തില്‍ സംസാരിക്കാന്‍ കഴിയുന്നുണ്ടെന്ന്‌ അവനുചുറ്റും കൂടിയവരോട്‌ നേര്‍ത്ത പുഞ്ചിരിയോടെ പറഞ്ഞു. 

No comments:

Post a Comment