പരിമിതികള്‍ ഏറെയുണ്ടെങ്കിലും സാമൂഹികമായ മാറ്റങ്ങള്‍ക്ക്
വഴിയൊരുക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ക്കും ഡോക്യുമെന്ററികള്‍ക്കും കഴിയുമെന്ന്
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. ഏഴാമത് രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേള
ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവിഷ്‌കാര
സ്വാതന്ത്ര്യത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ്
ഹ്രസ്വചിത്രങ്ങളിലൂടെയും ഡോക്യുമെന്ററികളിലൂടെയും നിര്‍വഹിക്കപ്പെടേണ്ടതെന്ന്
അദ്ദേഹം അഭിപ്രായപ്പെട്ടു. വര്‍ണാഭമായ സദസ്സിനെ സാക്ഷിനിര്‍ത്തിയാണ് കൈരളി
തിയേറ്ററില്‍ രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേള ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം
ചെയ്യപ്പെട്ടത്. കഴിഞ്ഞദിവസം അന്തരിച്ച പ്രമുഖ സംവിധായകന്‍ ശശികുമാറിന് ചടങ്ങില്‍
ആദരാഞ്‌ജലി അര്‍പ്പിച്ചു. കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനും ഫെസ്റ്റിവെല്‍
ഡയറക്ടറുമായ പ്രിയദര്‍ശന്‍ സ്വാഗതം പറഞ്ഞു. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന
ചിത്രങ്ങളെയും ജൂറി അംഗങ്ങളെയും മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്‌ടറായ ബീന പോള്‍
പരിചയപ്പെടുത്തി. വ്യത്യസ്‌തമായ പ്രമേയങ്ങളെ അവതരിപ്പിക്കുന്ന സംവിധായകരും അതിനെ
ഇഷ്ടപ്പെടുന്ന പ്രേക്ഷകരും തമ്മിലുള്ള സംവേദനമാണ് മേളയുടെ ലക്ഷ്യമെന്ന് അവര്‍
പറഞ്ഞു. ഇന്ത്യയില്‍ ഡോക്യുമെന്ററി സിനിമകളുടെ മാറ്റത്തിന് തുടക്കം കുറിച്ച
രാജീവ് മല്‍ഹോത്രയാണ് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയത്. ഡോക്യുമെന്ററികള്‍
ദൃശ്യമാധ്യമങ്ങളുടെ സ്വതന്ത്ര മുഖത്തെയാണ് കാണിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം
മുഖ്യധാരാ ദൃശ്യമാധ്യമങ്ങളുടെ കച്ചവട താത്‌പര്യങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്‌തു.
ചടങ്ങില്‍ പ്രമുഖ ചലച്ചിത്രതാരം മൈഥിലി പ്രിയദര്‍ശനില്‍ നിന്നും ഫൈസ്റ്റിവെല്‍
ബുള്ളറ്റിന്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ഫെസ്റ്റിവെല്‍ കാറ്റലോഗ് മന്ത്രി തിരുവഞ്ചൂര്‍
രാധാകൃഷ്‌ണന്‍ രാജീവ് മല്‍ഹോത്രയ്‌ക്ക് നല്‍കി പ്രകാശനം ചെയ്‌തു. കെ.എസ്.എഫ്.ഡി.സി.
മാനേജിങ് ഡയറക്ടര്‍ ദീപ നായര്‍ ആശംസകളും അക്കാദമി സെക്രട്ടറി രാജേന്ദ്രന്‍ നായര്‍
നന്ദിയും പ്രകാശിപ്പിച്ചു.
No comments:
Post a Comment