Friday, 18 July 2014

വേറിട്ട ദൃശ്യാനുഭവങ്ങളുമായി ഒന്നാം ദിനം

ഏഴാമത്‌ രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്ര മേളയുടെ ആദ്യ ദിനം മികച്ച ഡോക്യുമെന്ററികളുടെ വേറിട്ട കാഴ്‌ചകളാണ്‌ പ്രേക്ഷകര്‍ക്ക്‌ നല്‍കിയത്‌. ഒന്നാം ദിവസം നിറഞ്ഞ സദസ്സില്‍ പ്രദശിപ്പിക്കപ്പെട്ട ചിത്രമാണ്‌ `എ റിവര്‍ ചെയ്‌ഞ്ചസ്‌ കോഴ്‌സ്‌'. വികസനം പരിസ്ഥിതിക്കുണ്ടാക്കുന്ന നാശമാണ്‌ ഡോക്യുമെന്ററിയില്‍ സംവിധായിക ദൃശ്യവത്‌കരിച്ചത്‌. വികസനം അതിന്റെ രൗദ്രഭാഗങ്ങള്‍ കാണിച്ച്‌ പുരോഗമിക്കുമ്പോള്‍ പരമ്പരാഗത രീതിയില്‍ ജീവിക്കുന്ന മൂന്നു കുടുംബങ്ങളുടെ കഥയിലൂടെയാണ്‌ പരിസ്ഥിതിയുടെ പ്രാധാന്യം കല്യാണി മാം വെളിപ്പെടുത്തുന്നത്‌.
ലിപ്‌ക സിങ്‌ ദാരായിയുടെ 16 മിനിട്ട്‌ ദൈര്‍ഘ്യമുള്ള `ഡ്രാഗണ്‍ ഫ്‌ളൈ ആന്‍ഡ്‌ സ്‌നേക്ക്‌' എന്ന ചിത്രം മേളയുടെ മറ്റൊരാകര്‍ഷണമായിരുന്നു. ആയി എന്നു വിളിക്കുന്ന സ്‌ത്രീയുമായി ഒരു പെണ്‍കുട്ടിയുടെ സാങ്കല്‌പിക സംഭാഷണമാണ്‌ ചിത്രം. ആയിയുടെ ഗ്രാമത്തിലാണ്‌ വേനലവധിക്കാലും മുഴുവന്‍ കഴിയുന്നത്‌. ആയിയോട്‌ സംസാരിക്കുമ്പോള്‍ നഗരത്തിലെ വിവിധരത്തിലുള്ള ശബ്‌ദങ്ങള്‍കൂടി അവള്‍ റെക്കോര്‍ഡ്‌ ചെയ്യുന്നു. പ്രമേയപരമായി പ്രേക്ഷകര്‍ക്ക്‌ പുതു അനുഭവം പകരുന്നതായിരുന്നു ഡോക്യുമെന്ററി.
ശ്രീറാം മോഹന്‍ സംവിധാനം ചെയ്‌ത `പദ്‌മിനി മൈ ലൗ' ഇന്നലെ പ്രദര്‍ശിപ്പിച്ച ശ്രദ്ധേയമായ ഷോര്‍ട്ട്‌ ഡോക്യുമെന്ററികളില്‍ ഒന്നായിരുന്നു. അടുത്തകാലത്ത്‌ മുംബൈയില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവാണ്‌ ചിത്രത്തിന്റെ പ്രമേയം. നഗരത്തിന്റെ മുഖമുദ്രയായിരുന്ന പ്രിമിയര്‍ പദ്‌മിനി കാറുകളുടെ പ്രായപരിധി 20 വര്‍ഷമായി കുറച്ചത്‌ അവിടുത്തെ ടാക്‌സി ഡ്രൈവര്‍മാരെ എങ്ങനെ ബാധിച്ചു എന്നതാണ്‌ ചിത്രം പരിശോധിച്ചത്‌.
രാജ്യാന്തര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച `ഗദ്ദാഫി' പ്രേക്ഷകരില്‍ മികച്ച പ്രതികരണമാണ്‌ ഉണ്ടാക്കിയത്‌. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ച ചിത്രം 90 ശതമാനത്തിലേറെ ബുദ്ധമതക്കാരുള്ള തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യത്തിലെ മുസ്ലീം കുടുംബം നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളാണ്‌ ചര്‍ച്ചചെയ്‌തത്‌. ബാങ്കോക്കുകാരനായ ഗദ്ദാഫി മുഹമ്മദ്‌ എന്ന 14 വയസ്സുകാരനാണ്‌ ചിത്രത്തിലെ കേന്ദ്രകഥാപാത്രം. മുന്‍ ലിബയന്‍ നേതാവ്‌ മ്യുമ്മര്‍ ഗദ്ദാഫിയുടെ കടുത്ത ആരാധകനായിരുന്ന അച്ഛന്‍ മകന്‌ ആ പേരിടുകയും പിന്നീട്‌ ഗദ്ദാഫിയെക്കുറിച്ച്‌ മോശം വാര്‍ത്തകള്‍ വരാന്‍തുടങ്ങയതോടെ അവന്റെ പേരിനെച്ചൊല്ലിയുള്ള അമ്മയുടെ ആശങ്കകളാണ്‌ ചിത്രം പങ്കുവെച്ചത്‌. `വെര്‍ജിന്‍`, `ഏഞ്ചല്‍', `ക്രെഡോ' എന്നിവ പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ച ചിത്രങ്ങളാണ്‌.

No comments:

Post a Comment