Sunday, 20 July 2014

ജീവിതത്തിന്റെ പരുക്കന്‍ യാഥാര്ഥ്യയങ്ങളുമായി ഇന്ന്‌ (ജൂലൈ 21) നാല്‌ സിനിമകള്‍

മനുഷ്യ ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ഥ്യങ്ങള്‍ അനാവരണം ചെയ്യുന്ന നാല്‌ വ്യത്യസ്‌ത സിനിമകള്‍ ഇന്ന്‌ (ജൂലൈ 21) പ്രേക്ഷകരുടെ മുന്നിലെത്തും. ദീര്‍ഘ-ഹ്രസ്വ ഡോക്യുമെന്ററികള്‍, ഹ്രസ്വ ഫിക്ഷന്‍, ഹോമേജ്‌, ഫോക്കസ്‌ ഓണ്‍ മിഡില്‍ ഈസ്റ്റ്‌, ഫിലിം മേക്കേര്‍ ഇന്‍ ഫോക്കസ്‌, ഇന്റര്‍നാഷണല്‍, പരിസ്ഥിതി എന്നീ വിഭാഗങ്ങളിലായി 40 ചിത്രങ്ങളാണ്‌ ഇന്ന്‌ മേളയില്‍ പ്രദര്‍ശിപ്പിക്കുക. മത്സരവിഭാഗത്തില്‍ 22 ചിത്രങ്ങളാണുള്ളത്‌.
ജോഷി ജോസഫ്‌ സംവിധാനം ചെയ്‌ത `വണ്‍ ഡേ ഫ്രം എ ഹാങ്‌ മാന്‍സ്‌ ലൈഫ്‌' എന്ന 83 മിനിട്ട്‌ ദൈര്‍ഘ്യമുള്ള ചിത്രമാണ്‌ ജീവിതത്തിന്റെ നേര്‍ക്കാഴ്‌ചയാകുന്നതിലൊന്ന്‌. നിള തിയേറ്ററില്‍ പകല്‍ 3.30 നാണ്‌ പ്രദര്‍ശനം. 2004 ല്‍ കൊല്‍ക്കത്തയില്‍ നടപ്പാക്കപ്പാക്കിയ ധനഞ്‌ജയ്‌ ചാറ്റര്‍ജി എന്ന പ്രതിയുടെ വധശിക്ഷയും അത്‌ പ്രാവര്‍ത്തികമാക്കുന്ന ആരാച്ചാരുടെ ജീവിതവുമാണ്‌ ഇതില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്‌.
ജന്മനാടായ പലസ്‌തീനിലേക്ക്‌ സംവിധായിക മിയാസ്‌ ദര്‍വാഹ്‌ നടത്തുന്ന ആദ്യയാത്രയുടെ ഓര്‍മചിത്രമാണ്‌ `മൈ ലൗ എവൈറ്റ്‌സ്‌ മീ ബൈ ദി സീ' എന്ന ചിത്രം. ഇന്നേവരെ കണ്ടിട്ടില്ലാത്ത തന്റെ കാമുകന്‍ ഹസന്‍ റുഹാനിയെ കാണാന്‍കൂടിയാണ്‌ ഈ ചിത്രത്തിന്റെ സംവിധായികയായ മിയാസ്‌ യാത്രയാകുന്നത്‌. 2003 ല്‍ മരിച്ച പലസ്‌തീനിയന്‍ കലാകാരനാണ്‌ മിയാസിന്റെ കാമുകന്‍ ഹസന്‍. സ്വപ്‌നങ്ങളില്‍ തന്നോടൊപ്പമുണ്ടെന്ന്‌ മിയാസ്‌ ഉറച്ചു വിശ്വസിക്കുന്ന ഹസന്റെ സ്‌മരണ നിലനിര്‍ത്താനാണ്‌ ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്‌.
തൊഴിലാളികളുടെ ജീവിതം ആവിഷ്‌കരിക്കുന്ന `വര്‍ക്‌മാന്‍സ്‌ ഡെത്ത്‌' എന്ന മിഖായേല്‍ ഗ്ലാവോഗര്‍ സംവിധാനം ചെയ്‌ത ചിത്രം ജീവിക്കാന്‍വേണ്ടി ബുദ്ധിമുട്ടേറിയ ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതരായ തൊഴിലാളികളെ ചിത്രീകരിക്കുന്നു. നശ്വരമായ മനുഷ്യ ശക്തിക്കുള്ള സമര്‍പ്പണമാണ്‌ പവിത്രാ ചാലം സംവിധാനം ചെയ്‌ത `ഇന്‍ഡെലിബിള്‍' എന്ന ചിത്രം.

No comments:

Post a Comment