Wednesday, 16 July 2014

മത്സരവിഭാഗത്തില്‍ 94 ചിത്രങ്ങള്‍

സംസ്ഥാന ചലച്ചിത്ര അക്കാദമി ജൂലൈ 18 മുതല്‍ 22 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ 94 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. എട്ടു വിഭാഗങ്ങളിലായി ആകെ 212 ചിത്രങ്ങളാണ് കൈരളി, നിള, ശ്രീ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക. മത്സരവിഭാഗത്തില്‍ എട്ടു ദീര്‍ഘ  ഡോക്യുമെന്ററികളും 17 ഹ്രസ്വഡോക്യുമെന്ററികളും, 34 ഷോര്‍ട്ട് ഫിക്ഷനുകളും, ഏഴ് ആനിമേഷന്‍ ചിത്രങ്ങളും, 16 മ്യൂസിക് വീഡിയോകളും, ഏഴ് ക്യാമ്പസ് സിനിമകളും, 35 അന്താരാഷ്ട്ര സിനിമകളുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ദീര്‍ഘ-ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തില്‍ പ്രശസ്ത ഡോക്യുമെന്ററി സിനിമാട്ടോഗ്രാഫറായ ഹോങ് ഹ്യോസൂക്, ബൈദ്രാബാദിലെ അന്വേഷി റിസര്‍ച്ച് കേന്ദ്രത്തിന്റെ സ്ഥാപകാംഗമായ സുസി താരു, മന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ ഹര്‍ഷ് മന്തര്‍ എന്നിവരാണ് അന്താരാഷ്ട്ര ജൂറി. ഗോള്‍ഡാ സെല്ലം, റോയ്‌സ്‌റ്റെന്‍ ഏബല്‍, നവ്രോസ് കോണ്‍ട്രാക്റ്റര്‍ എന്നിവരാണ് ഷോര്‍ട്ട് ഫിക്ഷന്‍, ആനിമേഷന്‍, മ്യൂസിക് വിഡിയോ, ക്യാമ്പസ് സിനിമ വിഭാഗത്തില്‍ ജൂറി അംഗങ്ങള്‍.
മികച്ച ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയും പ്രശംസിപത്രവും ഹ്രസ്വ ഡോക്യുമെന്ററിക്ക് 50,000 രൂപയും പ്രശംസാപത്രവുമാണ് പുരസ്‌കാരം. മികച്ച ഷോര്‍ട്ട് ഫിക്ഷന് 50,000 രൂപയും പ്രശംസാപത്രവും ലഭിക്കും. ആനിമേഷന്‍ ചിത്രത്തിനും, മ്യൂസിക്‌വീഡിയോക്കും 25,000 രൂപ വീതവും പ്രശംസാപത്രങ്ങളും  ക്യാമ്പസ് സിനിമക്ക് 20,000 പ്രശംസാപത്രവും സമ്മാനമായി നല്‍കും.

മികച്ച ഡോക്യുമെന്ററി ഛായാഗ്രാഹകാനുള്ള പുരസ്‌കാരം സമ്മാനിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകന്‍  നവ്രോസ് കോണ്‍ട്രാക്റ്ററാണ്. 15000 രൂപയും പ്രശംസാപത്രവുമാണ് പുരസ്‌കാരം.
കെ.ആര്‍. മനോജ്, ബാബു കംബ്രാത്ത്, ആശ ജി. ജോസഫ് എന്നിവരാണ് ദീര്‍ഘ ഡോക്യുമെന്ററി വിഭാഗത്തിലെ ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. ഷോര്‍ട്ട് ഡോക്യുമെന്ററി സെലക്ഷന്‍ കമ്മിറ്റിയില്‍ ബെന്നി വിജയകുമാര്‍, മോഹന്‍ദാസ് എന്നിവരായിരുന്നു അംഗങ്ങള്‍. രാജ്യാന്തര വിഭാഗത്തില്‍ സുദേവന്‍, റീമ നരേന്ദ്രാന്‍, കെ.ജി. ജയന്‍ എന്നിവര്‍ ചിത്രങ്ങള്‍ തെരഞ്ഞെടുത്തു.

No comments:

Post a Comment