Tuesday 22 July 2014

മികച്ച സിനിമകള്‍ ഉണ്ടാകാന്‍ ചലച്ചിത്രമേളകള്‍ അനിവാര്യം : മന്ത്രി തിരുവഞ്ചൂര്‍

നിലവാരമുള്ള സിനിമകള്‍ ഉണ്ടാകുന്നതില്‍ ഹ്രസ്വചലച്ചിത്രമേളകള്‍ക്കുള്ള പങ്ക്‌ വളരെ വലുതാണെന്നും സംഘാടന മികവിന്റെ തെളിവാണ്‌ മേളയുടെ വിജയമെന്നും വനം-പരിസ്ഥിതി-സിനിമാ വകുപ്പ്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. ഏഴാമത്‌ രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണവും, ശാസ്‌ത്രാവും ഇതിവൃത്തങ്ങളായുള്ള സിനിമകള്‍ വരും മേളകളില്‍ കൂടുതലായി ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ നേടിയ ചിത്രങ്ങളുടെ സംവിധായകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മന്ത്രി ചടങ്ങില്‍ വിതരണം ചെയ്‌തു.
മേളയിലെ മികച്ച ദീര്‍ഘ ഡോക്യുമെന്ററിയായി ശ്രാവണ്‍ കട്ടിക്കനേനി സംവിധാനം ചെയ്‌ത `ക്രോണിക്കിള്‍സ്‌ ഓഫ്‌ എ ടെമ്പിള്‍ പെയ്‌ന്റര്‍' എന്ന ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. ഒരു ലക്ഷം രൂപയും പ്രശംസാപത്രവുമാണ്‌ അവാര്‍ഡ്‌. കവിതാ ബാല്‍, നരേന്ദ്ര സക്‌സേന എന്നിവര്‍ ചേര്‍ന്ന്‌ സംവിധാനം ചെയ്‌ത `കാന്‍ഡില്‍സ്‌ ഇന്‍ ദി വിന്‍ഡ്‌', വിവേക്‌ ചൗധരി, പ്രദീക്‌ ഗുപ്‌ത, മിത്‌ ജാനി എന്നിവരുടെ `ഗൂംഗ പെഹല്‍വാന്‍' എന്നീ ചിത്രങ്ങള്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.
മികച്ച ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തില്‍ കവിത ദാത്തിറും അമിത്‌ സൊണാവെയ്‌നും ചേര്‍ന്ന്‌ സംവിധാനം ചെയ്‌ത `ബാബൈ' ഒന്നാം സ്ഥാനത്തെത്തി. 50,000 രൂപയയും പ്രശംസാപത്രവുമാണ്‌ അവാര്‍ഡ്‌. സൗഗത ഭട്ടാചാര്യ സംവിധാനം ചെയ്‌ത `ട്രാഷ്‌', എന്ന ചിത്രമാണ്‌ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയത്‌.
മികച്ച ഷോര്‍ട്ട്‌ ഫിക്ഷന്‍ വിഭാഗത്തില്‍ `ദി പപ്പറ്റ്‌' മികച്ചതായി തെരഞ്ഞെടുത്തു. സത്യാന്‍ഷു, ദേവാന്‍ഷു സിങ്‌ എന്നിവരാണ്‌ ഈ ചിത്രം അണിയിച്ചൊരുക്കിയത്‌. ഏക്‌താര കളക്‌ടീവ്‌ സംവിധാനം ചെയ്‌ത `ഫിഷി മാജിക്കി'ന്‌ ഈ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചു.
ഗീതാഞ്‌ജലി റാവു സംവിധാനം ചെയ്‌ത `ട്രൂ ലൗവ്‌ സ്റ്റോറി' മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം നേടി. `യു ആര്‍ റോട്ട്‌' എന്ന ക്രിസ്റ്റോ ടോമി സംവിധാനം നിര്‍വഹിച്ച മ്യൂസിക്‌ വീഡിയോ ആണ്‌ ഈ വിഭാഗത്തിലെ മികച്ച മ്യൂസിക്‌ വീഡിയോ. ചങ്ങനാശ്ശേരി സെന്റ്‌ ജോസഫ്‌സ്‌ കോളേജിലെ ബിരുദാനന്തരബിരുദ വിദ്യാര്‍ഥികള്‍ സംവിധാനം ചെയ്‌ത `സാള്‍ട്ട്‌ വാട്ടര്‍' മികച്ച ക്യാംപസ്‌ ചിത്രത്തിനുള്ള അവാര്‍ഡ്‌ കരസ്ഥമാക്കി. മികച്ച ഡോക്യുമെന്ററി സിനിമാട്ടോഗ്രാഫര്‍ക്കായി നവറോസ്‌ കോണ്‍ട്രാക്‌ടര്‍ ഏര്‍പ്പെടുത്തിയ ക്യാഷ്‌ പ്രൈസ്‌ `രംഗഭൂമി'യുടെ ഛായാഗ്രാഹന്‍ സൗമ്യാനന്ദസാഹി നേടി.
മികച്ച ജന്‍ഡര്‍ സെന്‍സിറ്റീവ്‌ സിനിമയ്‌ക്കായുള്ള 20,000 രൂപയുടെ ഐ.എ.ഡബ്ല്യൂ.ആര്‍.ടി. അവാര്‍ഡ്‌ അനുരൂപ പ്രകാശും, ലോക്‌ പ്രകാശും സംവിധാനം ചെയ്‌ത `വില്‍ ദിസ്‌ ചെയ്‌ഞ്ച്‌' കരസ്ഥമാക്കി.
കൈരളി തിയേറ്ററില്‍ നടന്ന ചടങ്ങില്‍ പ്രശസ്‌ത ശില്‌പി കാനായി കുഞ്ഞിരാമന്‍ മുഖ്യാതിഥിയായിരുന്നു. ചലച്ചിത്ര അക്കാദമി വൈസ്‌ ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍, അക്കാദമി സെക്രട്ടറി രാജേന്ദ്രന്‍ നായര്‍, നിര്‍വാഹകസമിതി അംഗം ജോഷി മാത്യു, പ്രശസ്‌ത ഛായാഗ്രാഹകന്‍ നവറോസ്‌ കോണ്‍ട്രാക്‌ടര്‍, മേളയുടെ ആര്‍ട്ടിസ്റ്റിക്‌ ഡയറക്‌ടര്‍ ബീനാ പോള്‍ എന്നിവര്‍ സംബന്ധിച്ചു. സമാപന സമ്മേളനത്തിനുശേഷം പുരസ്‌കാരം നേടിയ ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു.

1 comment: