Sunday 20 July 2014

രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയ്‌ക്ക്‌ നാളെ (ജൂലൈ 22) സമാപനം

ചിത്രങ്ങളുടെ മികവും വിഷയവൈവിധ്യവും കൊണ്ട്‌ ശ്രദ്ധിക്കപ്പെട്ട ഏഴാമത്‌ രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേള നാളെ സമാപിക്കും. കൈരളി തിയേറ്ററില്‍ വൈകിട്ട്‌ 6.30 ന്‌ മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടി സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യും. മേളയില്‍ സമ്മാനാര്‍ഹരായവര്‍ക്കുള്ള പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്യും. വനം-പരിസ്ഥിതി-സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അധ്യക്ഷത വഹിക്കും. സമാപന ചടങ്ങിനുശേഷം പുരസ്‌കാരം നേടിയ ചിത്രങ്ങളുടെ പ്രദര്‍ശനവും നടക്കും.
വിവിധ വിഭാഗങ്ങളിലായി 212 ഓളം ചിത്രങ്ങളാണ്‌ ഇത്തവണ പ്രദര്‍ശിപ്പിക്കപ്പെടുന്നത്‌. പ്രേക്ഷക പങ്കാളിത്തം കൊണ്ട്‌ സജീവമായ മൂന്നാം ദിവസം 49 ചിത്രങ്ങളാണ്‌ പ്രദര്‍ശിപ്പിക്കപ്പെട്ടത്‌. കടല്‍ കാണാനുള്ള തീവ്രമായ ആഗ്രഹത്തെത്തുടര്‍ന്ന്‌ വീട്ടില്‍ നിന്ന ഒളിച്ചോടുന്ന ആറുവയസ്സുകാരന്റെ കഥപറയുന്ന `നമക്‌ പാനി' ഏറെ ശ്രദ്ധേയമായി. രാജ്യാന്തരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട `നോണ്‍ ഫിക്ഷന്‍ ഡയറി', ഫോക്കസ്‌ ഓണ്‍ മിഡില്‍ ഈസ്റ്റ്‌ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട `എ വേള്‍ഡ്‌ നോട്ട്‌ അവേഴ്‌സ്‌' എന്നിവ കാലികപ്രസക്തികൊണ്ട്‌ പ്രേക്ഷകരെ ആകര്‍ഷിച്ചു. നൈതിക്‌ മാത്യു ഈപ്പന്‍ സംവിധാനം ചെയ്‌ത `ദി പെര്‍വെര്‍ട്ടഡ്‌', ശബ്‌നം സുഖ്‌ദേവിന്റെ `ദി ലാസ്റ്റ്‌ എഡ്യൂ' എന്നിവയും മേളയുടെ മൂന്നാം ദിനത്തെ സമ്പന്നമാക്കി.
മേളയോടനുബന്ധിച്ച്‌ പ്രസ്‌ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഡോക്യുമെന്ററി-ഹ്രസ്വചിത്രസംവിധായകര്‍ നന്മയുടെ വിത്തുവിതയ്‌ക്കുന്ന കര്‍ഷകരാണെന്ന്‌ പ്രശസ്‌ത ഡോക്യുമെന്ററി സംവിധായകന്‍ നന്ദന്‍ സക്‌സേന അഭിപ്രായപ്പെട്ടു. വരുംതലമുറകള്‍ക്കുവേണ്ടി എല്ലാ അര്‍ഥത്തിലുമുള്ള മുന്‍കരുലാണ്‌ പരിസ്ഥിതി സംരക്ഷണത്തിലൂടെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്‌. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പാര്‍ശ്വവത്‌കരിക്കപ്പെട്ടവര്‍ക്കുംവേണ്ടി നിരന്തരം ഇടപെടലുകള്‍ നടത്താന്‍ മാധ്യമങ്ങള്‍ക്ക്‌ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേളയുടെ ഭാഗമായി നിള തിയേറ്ററില്‍ നടന്ന `ഡോക്യുമെന്ററികളുടെ തിരക്കഥാരചന' എന്ന വിഷയത്തില്‍ പ്രശസ്‌ത ഫിലിം മേക്കര്‍ ഗാര്‍ഗി സെന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോക്യുമെന്ററികളുടെ തിരക്കഥാരചന എഴുത്തിന്റെ ഒരു വേറിട്ട വിഭാഗമാണെന്നും അത്‌ പൂര്‍ണമായും കലയുടെ പരിശീലനമാണെന്നും ഗാര്‍ഗി അഭിപ്രായപ്പെട്ടു. 1987 മുതല്‍ സിനിമാ നിര്‍മാണരംഗത്തെ സജീവ സാന്നിധ്യമായ ഗാര്‍ഗി സെന്‍ മാജിക ലാന്‍ഡേണ്‍ ഫൗണ്ടേഷന്‍ സ്ഥാപക കൂടിയാണ്‌.
മേളയോടനുബന്ധിച്ച്‌ ഇന്ത്യയില്‍ സയന്‍സ്‌ സിനിമാനിര്‍മാണം നേരിടുന്ന വെല്ലുവിളികള്‍ വിഷയമാക്കി നടന്ന ശില്‌പശാലയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സ്‌ ആന്‍ഡ്‌ റിസേര്‍ച്ചിലെ കെ.പി. മധു സെഷനുകള്‍ നയിച്ചു. ശാസ്‌ത്രജ്ഞര്‍ സിനിമയില്‍ താത്‌പര്യം കാണിക്കാത്തതാണ്‌ ഇന്ത്യയില്‍ സയന്‍സ്‌ സിനിമകള്‍ കൂടുതലായി ഉണ്ടാകാത്തതിന്‌ കാരണമെന്ന്‌ ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. സയന്‍സ്‌ സിനിമാ നിര്‍മാണവും കഥപറച്ചിലും എന്നതിന്‌ ആസ്‌പദമാക്കി എല്‍.വി. പ്രസാദ്‌ ഫിലിം ആന്‍ഡ്‌ ടെലിവിഷന്‍ അക്കാദമിയിലെ ശിവകുമാര്‍ പ്രബന്ധം അവതരിപ്പിച്ചു.
കൈരളി തിയേറ്റര്‍ അങ്കണത്തില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംവിധായകരായ അഭിഷേക്‌ വര്‍മ, അനുപം ബ്രാവേ, ലതാ കുര്യന്‍ ഹാദിക്‌ മേത്ത, ഇംക ആസ്‌തെ, ഗൗരവ്‌ പതക്‌, രഞ്‌ജിത രാജീവന്‍, സൈജോ കാരിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ത്യന്‍ ഡോക്യുമെന്ററി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഡോക്യുമെന്ററി-ഹ്രസ്വചിത്ര നിര്‍മാണത്തെസംബന്ധിച്ച ശില്‌പശാല മേളയുടെ ആര്‍ട്ടിസ്റ്റിക്‌ ഡയറക്‌ടര്‍ ബീന പോള്‍ ഉദ്‌ഘാടനം ചെയ്‌തു. ഒരു ഡോക്യുമെന്ററിയുടെ ശരിക്കുള്ള കരുത്ത്‌ അത്‌ എത്രപേര്‍ കാണുന്നു എന്നതാണെന്ന്‌ ശില്‌പശാല മോഡറേറ്റ്‌ ചെയ്‌ത സോഫിയ വി. ശിവരാമന്‍ അഭിപ്രായപ്പെട്ടു.
ദീര്‍ഘ-ഹ്രസ്വ ഡോക്യുമെന്ററികള്‍, ഹ്രസ്വ ഫിക്ഷന്‍, ഹോമേജ്‌, ഫോക്കസ്‌ ഓണ്‍ മിഡില്‍ ഈസ്റ്റ്‌, ഫിലിം മേക്കേര്‍ ഇന്‍ ഫോക്കസ്‌, ഇന്റര്‍നാഷണല്‍, പരിസ്ഥിതി എന്നീ വിഭാഗങ്ങളിലായി 40 ചിത്രങ്ങളാണ്‌ ഇന്ന്‌ മേളയില്‍ പ്രദര്‍ശിപ്പിക്കുക.

No comments:

Post a Comment