Saturday 19 July 2014

അശാന്തിയുടെ ഇസ്രയേല്‍-പാലസ്‌തീന്‍ കാറ്റ്‌ ഡോക്യുമെന്ററി മേളയില്‍

ഇസ്രയേല്‍-പാലസ്‌തീന്‍ പ്രശ്‌നം കൈകാര്യം ചെയ്‌ത `ദി ഗ്രീന്‍ പ്രിന്‍സ്‌' ഏഴാമത്‌ രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയുടെ രണ്ടാം ദിവസത്തെ ഏറെ ശ്രദ്ധേയമാക്കി. ശത്രുരാജ്യമായ ഇസ്രയേലിനുവേണ്ടി ചാരപ്പണിയെടുക്കേണ്ടിവരുന്ന ഹമാസ്‌ സ്ഥാപകന്റെ മകന്‍ നേരിടുന്ന പ്രശ്‌നങ്ങളാണ്‌ ചിത്രം അടയാളപ്പെടുത്തിയത്‌. ജീവിതത്തിന്റെ തീവ്രഭാവങ്ങള്‍ ദൃശ്യവത്‌കരിക്കുന്നതില്‍ സംവിധായകന്‍ നഡാവ്‌ ഷിര്‍മന്‍ പ്രകടിപ്പിച്ച സൂക്ഷമത ചിത്രത്തെ പ്രേക്ഷകരിലേക്ക്‌ കൂടുതല്‍ അടുപ്പിച്ചു.


അമേരിക്കന്‍ സൈനിക നയത്തില്‍പ്പോലും മാറ്റമുണ്ടാക്കാന്‍ സാധിച്ച `ഇന്‍വിസിബിള്‍ വാര്‍' ആയിരുന്നു മേളയിലെ മറ്റൊരു ശ്രദ്ധേയ ചിത്രം. ഓസ്‌കാര്‍-എമ്മി അവാര്‍ഡ്‌ ജേതാവായ കിര്‍ബി ഡിക്‌ സംവിധാനം ചെയ്‌ത ചിത്രം അമേരിക്ക രഹസ്യമാക്കിവെച്ചിരിക്കുന്നതും എന്നാല്‍ അപമാനകരമെന്ന്‌ പൊതുസമൂഹം വിലയിരുത്തുന്നതുമായ കാര്യമാണ്‌ തുറന്നുകാട്ടിയത്‌. ആയിരക്കണക്കിന്‌ സ്‌ത്രീകളും പുരുഷന്മാരും ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി ചിത്രം വെളിപ്പെടുത്തുന്നു.
സ്റ്റോപ്‌ മോഷന്‍ ആനിമേഷന്റെ സഹായത്തോടെ നിര്‍മിച്ച തിങ്‌സ്‌ വില്‍ ഗെറ്റ്‌ ബെറ്റര്‍ എന്ന ചിത്രം കോംപറ്റീഷന്‍ മ്യൂസിക്‌ വീഡിയോ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ഇരുട്ട്‌ നിറഞ്ഞ്‌ മണിക്കൂറുകള്‍ക്കുശേഷം വെളിച്ചം വരുന്നതായിരുന്നു സംവിധായകന്‍ ദൃശ്യവത്‌കരിച്ചത്‌. തിരക്കുപിടിച്ച നഗരത്തിലെ മനുഷ്യരുടെ ജീവിതരീതികളെ അടയാളപ്പെടുത്തുന്നതായിരുന്നു ഫോക്കസ്‌ ഓണ്‍ മിഡില്‍ ഈസ്റ്റ്‌ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട `ബേഡ്‌സ്‌ ഓഫ്‌ സെപ്‌റ്റംബര്‍'. ഓരോരുത്തരെയും അഭിമുഖം ചെയ്‌ത്‌ സംവിധാനം ചെയ്‌ത ചിത്രം കുംബസാരത്തിന്റെ സ്വഭാവമുള്ളതായിരുന്നു. പരിസ്ഥിതിവിഭാഗത്തില്‍ `പവര്‍ലസ്‌', `ദി ലാസ്റ്റ്‌ ക്യാച്ച്‌' എന്നിവയാണ്‌ പ്രേക്ഷകരെ ആകര്‍ഷിച്ച മറ്റു ചിത്രങ്ങള്‍.
കോംപറ്റീഷന്‍ ആനിമേഷന്‍ വിഭാഗത്തിലെ `കേളി' എന്ന സിനിമ പൊന്നുവിന്റെ സ്വപ്‌നങ്ങളിലൂടെയും സാക്ഷാത്‌കാരത്തിന്റെ വെല്ലുവിളികളിലൂടെയുമാണ്‌ കടന്നുപോകുന്നത്‌. സമത്വത്തിനുവേണ്ടി പോരാടുന്ന പെട്ടന്‍ തെയ്യന്‍ എന്ന വിപ്ലവകാരിയില്‍ പൊന്നു ആകൃഷ്‌ടയാകുന്നു. രഞ്‌ജിത രാജീവനാണ്‌ ചിത്രം സംവിധാനം ചെയ്‌തത്‌.

No comments:

Post a Comment