Thursday 17 July 2014

രാജ്യാന്തര ഡോക്യുമെന്ററി- ഹ്രസ്വചലച്ചിത്രമേള ഇന്ന്‌ (ജൂലൈ 18) മുതല്‍

ഏഴാമത്‌ രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയ്‌ക്ക്‌ ഇന്ന്‌ തുടക്കമാകും. കൈരളി, ശ്രീ, നിള തീയേറ്ററുകളില്‍ ജൂലൈ 22 വരെയാണ്‌ പ്രദര്‍ശനം. ആറ്‌ സെക്ഷനുകളിലായി 97 ചിത്രങ്ങളാണ്‌ മത്സരവിഭാഗത്തിലുള്ളത്‌. വിവിധ രാജ്യങ്ങളില്‍ നിന്നും ലഭിച്ച 600 എന്‍ട്രികളില്‍ നിന്നും തെരഞ്ഞെടുത്ത 212 ഓളം ചിത്രങ്ങള്‍ അഞ്ചു ദിവസങ്ങളിലായി പ്രദര്‍ശനത്തിനെത്തും. രാവിലെ 9.30 മുതലാണ്‌ പ്രദര്‍ശനം.
മേളയുടെ ഉദ്‌ഘാടനം ഇന്ന്‌ (ജൂലൈ 18) വൈകിട്ട്‌ 6.30 ന്‌ കൈരളി തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ വനം-പരിസ്ഥിതി-സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ നിര്‍വഹിക്കും. മന്ത്രി വി.എസ്‌. ശിവകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രശസ്‌ത തെന്നിന്ത്യന്‍ സിനിമ സംവിധായകന്‍ ഗൗതം മേനോന്‍ മുഖ്യാതിഥിയാകം. പി.എസ്‌.ബി.ടി. മാനേജിങ്‌ ട്രസ്റ്റി രാജീവ്‌ മെഹ്‌റോത്ര മുഖ്യ പ്രഭഷണവും രാജ്യസഭാ ടിവിയുടെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ഗുര്‍ദീപ്‌ സിങ്‌ സപ്പാല്‍ ആശംസകളും അര്‍പ്പിക്കും.
ഖാലോ മത്തബാനി (Khalo Matabane) സംവിധാനം ചെയ്‌ത `നെല്‍സണ്‍ മണ്ടേല ദ മിത്ത്‌ അന്‍ഡ്‌ മി', ഫെഡറിക്കോ അഡോണ (Federico Aderno) സംവിധാനം ചെയ്‌ത പരാഗ്വന്‍ ഹ്രസ്വചിത്രം `ലാ എസ്‌താന്‍ഷ്യ' എന്നിവയാണ്‌ ഉദ്‌ഘാടന ചിത്രങ്ങള്‍.
ദീര്‍ഘ-ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തില്‍ പ്രശസ്‌ത ഡോക്യുമെന്ററി സിനിമാട്ടോഗ്രാഫറായ ഹോങ്‌ ഹ്യോസൂക്‌, ബൈദ്രാബാദിലെ അന്വേഷി റിസര്‍ച്ച്‌ കേന്ദ്രത്തിന്റെ സ്ഥാപകാംഗമായ സുസി താരു, മന്‍ ഐ.എ.എസ്‌. ഉദ്യോഗസ്ഥനും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ ഹര്‍ഷ്‌ മന്തര്‍ എന്നിവരാണ്‌ അന്താരാഷ്‌ട്ര ജൂറി. ഗോള്‍ഡാ സെല്ലം, റോയ്‌സ്‌റ്റെന്‍ ഏബല്‍, നവ്രോസ്‌ കോണ്‍ട്രാക്‌റ്റര്‍ എന്നിവരാണ്‌ ഷോര്‍ട്ട്‌ ഫിക്ഷന്‍, ആനിമേഷന്‍, മ്യൂസിക്‌ വിഡിയോ, ക്യാമ്പസ്‌ സിനിമ വിഭാഗത്തില്‍ ജൂറി അംഗങ്ങള്‍.
മികച്ച ഡോക്യുമെന്ററിക്ക്‌ ഒരു ലക്ഷം രൂപയും പ്രശംസിപത്രവും ഹ്രസ്വ ഡോക്യുമെന്ററിക്ക്‌ 50,000 രൂപയും പ്രശംസാപത്രവുമാണ്‌ പുരസ്‌കാരം. മികച്ച ഷോര്‍ട്ട്‌ ഫിക്ഷന്‌ 50,000 രൂപയും പ്രശംസാപത്രവും ലഭിക്കും. ആനിമേഷന്‍ ചിത്രത്തിനും, മ്യൂസിക്‌വീഡിയോക്കും 25,000 രൂപ വീതവും പ്രശംസാപത്രങ്ങളും ക്യാമ്പസ്‌ സിനിമക്ക്‌ 20,000 പ്രശംസാപത്രവും സമ്മാനമായി നല്‍കും. മികച്ച ഡോക്യുമെന്ററി ഛായാഗ്രാഹകാനുള്ള പുരസ്‌കാരം സമ്മാനിക്കുന്നത്‌ പ്രശസ്‌ത ഛായാഗ്രാഹകന്‍ നവ്രോസ്‌ കോണ്‍ട്രാക്‌റ്ററാണ്‌. 15000 രൂപയും പ്രശംസാപത്രവുമാണ്‌ പുരസ്‌കാരം.
പരിസ്ഥിതി ചിത്രങ്ങള്‍ക്കുവേണ്ടി പ്രത്യേക വിഭാഗം ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. നാല്‌ അന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടിയ ഒര്‍ലാന്റോ വാന്‍ ഇന്‍സൈഡല്‍ സംവിധാനം ചെയ്‌ത `വിരുംഗ', ഇന്ത്യന്‍ സംവിധായകരായ ദീപ്‌തികക്കാര്‍, ഫഹദ്‌ മുസ്‌തഫ എന്നിവരുടെ, ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ ആദ്യ പ്രദര്‍ശനം നടത്തിയ `പവര്‍ലെസ്‌' എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനോടെപ്പം സംവിധായകരും ഫെസ്റ്റിവലില്‍ പങ്കെടുക്കും. കമര്‍ അഹമ്മദ്‌ സൈമണിന്റെ `ആര്‍ യു ലിസണിങ്‌', ജീന്‍ കോസ്‌മിയുടെ `ബൈ മൈസൈഡ്‌', കല്യാണി മാമിന്റെ `എ റിവര്‍ ചേയ്‌ഞ്ചസ്‌ കോഴ്‌സ്‌' എന്നിവയാണ്‌ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റ്‌ ചിത്രങ്ങള്‍.
ഫോക്കസ്‌ ഓണ്‍ മിഡില്‍ ഈസ്റ്റ്‌ വിഭാഗത്തില്‍ അഞ്ച്‌ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഈജിപ്‌റ്റ്‌, ലെബനന്‍, ജോര്‍ദാന്‍, പാലസ്‌തീന്‍ തുടങ്ങിയ അറബ്‌ രാജ്യങ്ങളിലെ സാധാരണ ജനങ്ങളുടെ പോസ്റ്റ്‌ അറബ്‌ സ്‌പ്രിങ്‌ കാലഘട്ട ജീവിതമാണ്‌ ചിത്രങ്ങളുടെ പ്രമേയം. ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന അഞ്ച്‌ ചിത്രങ്ങളുടെയും ആദ്യ ഇന്ത്യന്‍ പ്രദര്‍ശനം എന്നതാണ്‌ മറ്റൊരു ആകര്‍ഷണം.
ഷെരീഫ്‌ എല്‍ക്കാട്ട്‌ഷാ സംവിധാനം ചെയ്‌ത `കൈറോ ഡ്രൈവ്‌' ഏറ്റവും ജനസാന്ദ്രതയേറിയ നഗരങ്ങളിലൊന്നിന്റെ തെരുവ്‌ ദ്യശ്യങ്ങളാണ്‌. ഈജിപ്‌റ്റിലെ സൂയസ്‌ നഗരവും അതിന്റെ നഷ്‌ടസ്വപ്‌നങ്ങളുമാണ്‌ അഹമ്മദ്‌ നോറിന്റെ `വേവ്‌സ്‌' എന്ന ഡോക്യുമെന്ററിയുടെ പ്രമേയം. സാറാ ഫ്രാന്‍സിസിന്റെ ബേര്‍ഡ്‌സ്‌ ഓഫ്‌ സെപ്‌റ്റംബര്‍, മെയ്‌സ്‌ ദര്‍വസായുടെ 'മൈ ലൗ എവൈറ്റ്‌സ്‌ മീ ബൈ ദി സീ', മദി ഫ്‌ളിഫെലിന്റെ `എ വേഡ്‌ നോട്ട്‌ അവേഴ്‌സ്‌' എന്നിവയാണ്‌ മറ്റ്‌ ചിത്രങ്ങള്‍
ദീര്‍ഘ- ഹ്രസ്വ ഡോക്യുമെന്ററികള്‍, ഷോര്‍ട്ട്‌ ഫിക്ഷനുകള്‍, ആനിമേഷന്‍ ചിത്രങ്ങള്‍, മ്യൂസിക്‌ വീഡിയോകള്‍, ക്യാമ്പസ്‌ സിനിമകള്‍, അന്താരാഷ്ട്ര സിനിമകള്‍ എന്നീ വിഭാഗങ്ങളാണ്‌ മത്സരവിഭാഗത്തില്‍ ഉള്ളത്‌. അലൈന്‍ റസ്‌നെയ്‌സ്‌ , കെ.കെ. ചന്ദ്രന്‍, റസാഖ്‌ കോട്ടക്കല്‍, മൈക്കേല്‍ ഗ്ലാവോഗര്‍ എന്നിവരുടെ ചിത്രങ്ങളാണ്‌ ഹോമേജ്‌ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്‌.
ഇന്ത്യയില്‍ സയന്‍സ്‌ അധിഷ്‌ഠിത സിനിമാനിര്‍മാണം നേരിടുന്ന വെല്ലുവിളികളെ വിഷയമാക്കി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാന്‍ പ്രസാറിന്റെ സഹകരണത്തോടെ പ്രമുഖ സയന്‍സ്‌ ഫിലിം മേക്കേഴ്‌സിനെ അണിനിരത്തി രണ്ടു ദിവസത്തെ വര്‍ക്‌ഷോപ്പ്‌ മേളയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്‌. പുറമെ മുഖാമുഖം, ഡോക്യുമെന്ററികളും ഷോര്‍ട്ട്‌ ഫിലിമുകളുടെയും മാര്‍ക്കറ്റിങ്‌ സംബന്ധിച്ച്‌ സംവാദങ്ങള്‍ എന്നിവയും മേളയോനുബന്ധിച്ച്‌ സംഘടിപ്പിച്ചിട്ടുണ്ട്‌.

No comments:

Post a Comment